Thursday, July 24, 2008

ബോണ്‍സായി നിര്‍മ്മാണം

മനുഷ്യന്‍ എല്ലാം പ്രകൃതിയില്‍ നിന്ന് കണ്ട് പഠിക്കുന്നു എന്നാണല്ലോ പറയപ്പെടുന്നത്. അതിനൊരു നിദാനമാണ് ബോണ്‍സായി എന്ന കലയുടെ കണ്ടെത്തലും. വന്‍‌വൃക്ഷങ്ങളുടെ സ്വാഭാവിക വളര്‍ച്ചയെ ശാസ്ത്രീയ രീതിയില്‍ മുരടിപ്പിച്ച് മരകുഞ്ഞന്‍‌മാരാക്കുന്ന കലയാണ് ബോണ്‍സായി. ബോണ്‍സായി എന്നത് ജപ്പാന്‍ വാക്കാണ്. പാത്രത്തില്‍ വളരുന്ന ചെടി എന്നാണ് ഈ വാക്കിനര്‍ത്ഥം. ചൈനീസ് ഭാഷയില്‍ ഇത് പുന്‍-ജ്സാല്‍ എന്നും കൊറിയയില്‍ ബന്‍-ജേ എന്നും വിളിക്കുന്നു. മലഞ്ചരിവുകളിലും വന്‍‌പാറകൂട്ടങ്ങളിലും വളരുന്ന മരങ്ങള്‍ ഉയരം കുറഞ്ഞ് കാണപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലെ. പക്ഷെ ഇവ സാധാരണ പോലെ കായ്ക്കുകയും പുഷ്പിക്കുകയും ചെയ്യും. സംതുലിതമായ കാലാവസ്ഥയുടെയും ജലത്തിന്റെയും, പോഷകഹാരത്തിന്റെ കുറവും കാരണമാണ് വൃക്ഷഭീമന്‍‌മാര്‍ തലതാഴ്ത്തി മുരടിച്ച് വളരുന്നത്. എന്തായാലും ജനിച്ച് പോയില്ലെ വളരുകതന്നെ എന്ന് കരുതി വളര്‍ന്നാണ് ഇവ പ്രകൃതിദത്ത ബോണ്‍സായികളായത്. ഇനി എപ്പോഴെങ്കിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും മലഞ്ചരിവുകളിലും വളരുന്ന പറങ്കിമാവുകളെയോ പേരാലുകളേയോ ശ്രദ്ധിക്കുക‌- തങ്ങളെങ്ങനെ ബോണ്‍സായികളായെന്ന് അവ പറഞ്ഞു തരും, കേള്‍ക്കാനും കണാനുമുള്ള മനസ് വേണമെന്ന് മാത്രം.

ബോണ്‍സായിചരിത്രം

ചൈനാക്കാരാണ് ബോണ്‍സായികലയുടെ തലതൊട്ടപ്പന്‍‌മാരായി അറിയപ്പെടുന്നത്. കണ്‍ഫ്യൂഷനിസവും നാച്വറിലിസവും സമന്വയിക്കുന്നതാണ് ഈ കല. പ്രകൃതിയെ നോക്കൂ, കണ്ട് പഠിക്കൂ എന്ന കണ്‍ഫ്യൂഷ്യന്‍ തത്വശാസ്ത്രമായിരിക്കാം ചൈനാക്കാരെ ബോണ്‍സായി നിര്‍മ്മാണത്തിലേക്ക് തിരിച്ചു വിട്ടത്. വാന്‍ ഡൈനാസ്റ്റിയിലെ (206BC-220AD)ഒരു ചക്രവര്‍ത്തിയാണ് ആദ്യമായി ബോണ്‍സായി പരീക്ഷിച്ചതെന്ന് ചരിത്രകാരന്‍‌മാര്‍ പറയുന്നു. മറ്റൊരു ചരിത്രം, നാലാം നൂറ്റാണ്ടിലെ ഒരു ചൈനീസ് കവിയായിരുന്ന ഗ്യൂന്‍‌‌-മിങ്ങ് ആണ് ബോണ്‍സായി കലയ്ക്ക് തുടക്കമിട്ടതെന്നും രേഖപ്പെടുത്തുന്നു. 1972ല്‍ ഷ്വാങ്-ഹ്യവായ് ,(ടാജ് ഡൈനാസ്റ്റി, 618-907AD) എന്ന ചൈനീസ് ചക്രവര്‍ത്തിയുടെ ശവകുടീരം ഗവേഷകര്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ അതിനുള്ളിലെ ചുവരുകളില്‍ ബോണ്‍സായികള്‍ കൈയിലേന്തി നില്‍ക്കുന്ന പരിചാരകരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

ഇന്‍ഡ്യയിലെ പ്രാചീന ആയുര്‍വ്വേദാചാര്യന്‍‌മാര്‍ക്ക് ഈ കലയെക്കുറിച്ച് അറിവുണ്ടായിരുന്നതായും പറയുന്നുണ്ട്. ഹിമാലയത്തില്‍ തപം ചെയ്തിരുന്ന സന്യാസിവര്യന്‍‌മാര്‍ അവിടെ നിന്നും മടങ്ങിയപ്പോള്‍ പല ഔഷധ വൃക്ഷങ്ങളെയും ബോണ്‍സായി രൂപത്തില്‍ നാട്ടിലെത്തിച്ചുവത്രെ. തുളസിച്ചെടിയെ ബോണ്‍സായിയായി വളര്‍ത്തിയിരുന്നതായും കാണുന്നുണ്ട്. 12ആം നൂറ്റാണ്ടില്‍ ഈ കലയെ Vamanantanu Vrikshadi Vidhya എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. വൃക്ഷങ്ങളെ മുരടിപ്പിച്ച് വളര്‍ത്തല്‍ എന്നാണ് ഈ പദത്തിന് അര്‍ത്ഥം. പാശ്ചാത്യര്‍ ബോണ്‍സായികലയെ അംഗീകരിച്ച് വീണ്ടും നൂറുവര്‍ഷം കഴിഞ്ഞാണ് ഈ സമ്പ്രദായം ഇന്ന് കാണുന്ന രീതിയില്‍ ഇന്‍ഡ്യലെത്തിയതെന്ന വാദവുമുണ്ട്. 1878ല്‍ പാരീസില്‍ നടന്ന Third Universal Exhibition ല്‍ ഈ കലയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞെങ്കിലും 1935നു ശേഷം മാത്രമെ ഇതിനെ ഒരു കലയായി അംഗീകരിക്കാന്‍ പാശ്ചാത്യര്‍ തയ്യാറായുളു. ഇക്കാലമത്രയും ജപ്പാന്‍‌കാര്‍ ഈ കലയെ ജനകീയമാക്കാനുള്ള ശ്രമത്തിലായിരുന്നു. ഇന്ന് സ്വീകരണമുറികളുടെയും ഓഫീസ്മുറികളുടെയും അലങ്കാരചെടികളായി മാറിയ ബോണ്‍സായികള്‍ക്ക് ലക്ഷങ്ങളാണ് വില.‍

ബോണ്‍സായി നിര്‍മ്മാണം

വന്‍‌വൃക്ഷങ്ങളെ കുഞ്ഞന്‍‌മാരാക്കാമെന്ന് കരുതി വേഗത്തില്‍ അതങ്ങ് സാധിച്ചുകളയാം എന്ന വ്യാമോഹമൊന്നും വേണ്ട! സാധാരണ ഗതിയില്‍ ഒരു മരം പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാന്‍ വേണ്ട സമയം വേണം ബോണ്‍സായിക്കും. വലിയമരങ്ങളെ മുരടിപ്പിച്ച് നീളം മാത്രം കുറച്ചത്കൊണ്ട് കാര്യമില്ല; തനതായ ആകൃതിയിലാക്കി വളര്‍ത്തിയെടുക്കുക എന്നതും പ്രധാന ജോലിയാണ്. വളര്‍ച്ചയുടെ ആദ്യ ഘട്ടം മുതല്‍ വേരുകള്‍ ശ്രദ്ധാപൂര്‍വ്വം വെട്ടിയൊതുക്കുകയും ശിഖരങ്ങള്‍ നിയന്ത്രിക്കുകയും വേണം. മാത്രവുമല്ല സാധാരണഗതിയില്‍ നല്‍കുന്ന വളവും കീടനിയന്ത്രണ ഉപാധികളും ബോണ്‍സായിക്കും ആവശ്യമാണ്.

ആവശ്യസാധനങ്ങള്‍

1. വിവിധ അളവുകളിലുള്ള ചെടിച്ചട്ടികള്‍
2. അനുയോജ്യമായ മണ്ണ്
3. വളവും കീടനിയന്ത്രണ ഉപാധികളും
4. മരം വെട്ടുന്നതിനും പരിപാലിക്കുന്നതിനുമുള്ള ആയുധങ്ങള്‍(കട്ടറുകള്‍, പ്ലയറുകള്‍, വയര്‍ റിമൂവല്‍)
5. ചെമ്പ് കമ്പി
6. തികഞ്ഞ ക്ഷമ (ഇതില്ലാത്തവര്‍ സ്ഥിരമായി ടിവി സീരിയലുകള്‍ കാണുക, ക്ഷമ താനെ കൈവരും)
7. തികഞ്ഞ കലാബോധം (വളര്‍ത്താനുദ്ദേശിക്കുന്ന മരങ്ങളുടെ യഥാര്‍ത്ഥ രൂപത്തെ ശരിയാംവണ്ണം നോക്കിപഠിക്കുക)

ഇത്രയുമുണ്ടെങ്കില്‍ ആരംഭിക്കാം. ആദ്യം ഏതിനമാണ് ബോണ്‍സായി ആക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ആ ഇനത്തിന്റെ തൈയോ വിത്തോ സംഘടിപ്പിക്കുക. കൂട്ടത്തിലൊന്ന് പറഞ്ഞോട്ടെ തായ്ത്തടി വണ്ണം വെയ്ക്കുന്നതും, നാലുപാടും ശിഖരങ്ങള്‍ ഉള്ളതും, നിറയെ ഇലകള്‍ ഉള്ളതുമായ ഇനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. സാധാരണയായി അത്തിമരം, ദേവദാരു, അരയാല്‍, അരശ് എന്നിവയാണ് ഉപയോഗിക്കാറ്, മറ്റ് ഇനങ്ങളില്‍ പരീക്ഷണവും ആവാം. ഇനി ചെയ്യേണ്ടത് ഈ ഇനങ്ങളുടെ തൈ സംഘടിപ്പിക്കുകയാണ്. പാറക്കൂട്ടങ്ങള്‍ക്കിടയിലോ പാഴടഞ്ഞ വീടുകളുടെ കരിങ്കല്‍ ചുമരുകളിലോ വളര്‍ന്ന് നില്‍ക്കുന്ന തൈകള്‍ പ്രയോജനപ്പെടുത്താം. അല്ലെങ്കില്‍ വിത്തുകള്‍ പാകി മുളപ്പിച്ചും തൈകള്‍ തയ്യാറാക്കാം. ഇനി വേണ്ടത് പരന്നതും ആഴമുള്ളതുമായ ചെടിച്ചട്ടിയാണ്. ഈ ചട്ടിയില്‍ ഇടേണ്ട മണ്ണാണ് ഇനി വേണ്ടത്. അതിനായി കരിമണ്ണ്, കളിമണ്ണ്, മണല്‍ എന്നിവ ശേഖരിക്കുക. ഇവ 3:2:1 എന്ന അനുപാതത്തില്‍ കൂട്ടിക്കുഴച്ച് ചട്ടിയിലിട്ട് തൈ നടുക. കൂടെ ഒരു സ്പൂണ്‍ രാസവളവും ചേര്‍ക്കാം. മാസത്തില്‍ ഒരു തവണയെ രാസവളപ്രയോഗം നടത്താവൂ. ഈ ചട്ടി ഒരിക്കലും നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന ഭാഗത്ത് വയ്ക്കരുത്, മുറിയില്‍ വയ്ക്കാം. വളര്‍ച്ചക്ക് എന്തെങ്കിലും ക്രമക്കേടുകണ്ടാല്‍ മാത്രം പുറത്തെടുത്ത് അരമണിക്കൂര്‍ നേര്‍ത്ത വെയില്‍ കൊള്ളിക്കുക. ഇതിന് ചാണകം കലക്കിയ വെള്ളമോ കിണട്ട് വെള്ളമോ ഒഴിക്കുക. പൈപ്പ് വെള്ളമാണെങ്കില്‍ തലേന്ന് ശേഖരിച്ചത് ഒഴിക്കുക. ഇതൊക്കെ സാധാരണ ചെടികളെ സംരക്ഷിക്കുന്ന രീതിയില്‍ ചെയ്താല്‍ മതിയാകും, അങ്ങനെ ഒരു മാസം കഴിയട്ടെ......

പിന്നീട് മനസ് സ്വസ്ഥമായിരിക്കുമ്പോള്‍ ഒരു മാസം പ്രായമായ ചെടിയെ ചട്ടിയില്‍ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം പിഴുതെടുക്കുക. വലിച്ച് പിഴരുത്, മണ്ണ് സാവകാശം മാറ്റി വേരുകള്‍ കേടുപാടുകള്‍ കൂടാതെ പുറത്തെടുക്കണം. ഇതിനായി ചെടിച്ചട്ടി ചരിച്ച് പിടിച്ചിട്ട് ഒരു ഹോസിലൂടെ വെള്ളം ചീറ്റിച്ചാല്‍ മണ്ണിളകിപ്പോരും. ചെടിയെ പുറത്തെടുത്ത് തായ് വേര് പോയിട്ടുള്ള മറ്റ് വേരുകളുടെ അറ്റങ്ങളെ കട്ടറുപയോഗിച്ച് കൂര്‍പ്പിച്ച് മുറിച്ച് മാറ്റുക. അതായത് ലംബമായി മുറിക്കാതെ അല്പം ചരിച്ച് കോണാകൃതിയില്‍ മുറിക്കുക. വീണ്ടും ഇതിനെ നേരത്തെ പറഞ്ഞ മണല്‍ മിശ്രിതം തയ്യാറാക്കി ചെടിച്ചട്ടിയില്‍ നടുക, പരിചരണം തുടരുക. മാസങ്ങള്‍ കഴിയുമ്പോള്‍ തായ്ത്തടിക്കിത്തിരി വണ്ണവും, ശിഖരങ്ങളും, ഇലകളുമായിക്കഴിഞ്ഞിരിക്കും. ഇനിയാണ് ചെമ്പ് കമ്പി ഉപയോഗിച്ച് വയറിംഗ് നടത്തി ശിഖരങ്ങളെ നിയന്ത്രിക്കേണ്ടത്. ഏറ്റവും ക്ഷമയും കലാബോധവും ഇവിടെ സംന്വയിക്കണം. ശിഖരങ്ങള്‍ അധികം പൊങ്ങാതിരിക്കാന്‍ ചെറിയ ഭാരങ്ങള്‍ കെട്ടി തൂക്കുകയുമാവാം. ഒപ്പം ശിഖരങ്ങളുടെ നീളക്കൂടുതല്‍ മുറിച്ച് മാറ്റി ക്രമപ്പെടുത്തുക. വലിയ ഇലകളുണ്ടെങ്കില്‍ അവയുടെ വശങ്ങള്‍ വെട്ടിയൊതുക്കി ചെറുതാക്കുക. കാലക്രമേണ പൊക്കത്തിന് ആനുപാതികമായ വലിപ്പത്തിലുള്ള ഇലകള്‍ വന്നുകൊള്ളും. ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ പൊക്കത്തിലാണ് സാധാരണയായി ബോണ്‍സായികള്‍ വളര്‍ത്തുന്നത്. നിങ്ങളുടെ ഇഷ്ടാനുസരണമുള്ള പൊക്കം കിട്ടിക്കഴിഞ്ഞാല്‍ നേരത്തെ പറഞ്ഞ തരത്തില്‍ ഇളക്കി വേരുകള്‍ മുറിക്കുന്ന കൂട്ടത്തില്‍ തായ് വേരിന്റെ അറ്റവും കൂര്‍പ്പിച്ച് മുറിച്ചു വിടുക. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അനുയോജ്യമായ വലിപ്പത്തിലുള്ള ചെടിച്ചട്ടികള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ?
വര്‍ഷങ്ങളുടെ പരിചരണവും ക്ഷമയും കലാബോധവും ഒത്തു ചേര്‍ന്നാലെ തനതായ ഒരു ബോണ്‍സായി നിര്‍മ്മിക്കാന്‍ കഴിയൂ എന്ന് മറക്കാതിരിക്കുക.....
എങ്കില്‍ ഇനി തുടങ്ങൂ നിങ്ങളുടെ സ്വന്തം ബോണ്‍സായി നിര്‍മ്മാണം.....All the best

ചെമ്പ് കമ്പികൊണ്ട് വയറിംഗ് ചെയ്ത ഒരു ബോണ്‍സായി

14 comments:

ചാണക്യന്‍ said...

വായിച്ച് ,ബോണ്‍സായികള്‍ നിര്‍മ്മിച്ച്, കച്ചവടമടിച്ച് ,പത്ത് കായുണ്ടാക്കൂ...!

Sojo Varughese said...

നാട് നന്നാക്കല്‍ ഒക്കെ വിട്ടു ഇപ്പൊ ഇതായോ പണി?

siva // ശിവ said...

ഹ ഹ...ഞാന്‍ വരുന്നുണ്ട് ഒരു നാള്‍ വീടിലേയ്ക്ക്...എനിക്ക് ഇതൊക്കെ ഒന്ന് വിശദമായി പഠിക്കണം...കൂട്ടത്തില്‍ എനിക്ക് ചെറുവാരക്കോണത്തെ ആ നഴ്സറിയിലും പോണമെന്നുണ്ട്...അവിടെ ഒരുപാട് ഭംഗിയുള്ള ചെടികള്‍ ഉണ്ട്...ഞാന്‍ ഒരിക്കല്‍ അവിടെ പോയിട്ടുണ്ട്...

സസ്നേഹം,

ശിവ.

അനില്‍@ബ്ലോഗ് // anil said...

നന്നായിട്ടുണ്ടു.പഷെ ചെയ്തു നോക്കുമ്പോള്‍ അറിയാം കളി. ഞാനൊന്നു പയറ്റി നൊക്കിയതാണു. എന്തയാലും ഒന്നുകൂടി നോക്കാം.

ജിജ സുബ്രഹ്മണ്യൻ said...

ബോണ്‍സായി കാണാന്‍ ഒത്തിരി ഇഷ്ടമാണു..പക്ഷേ ഇതു ചെയ്ത് എടുക്കണമെങ്കില്‍ നല്ല പോലെ ക്ഷമ ഉള്ളവര്‍ക്കേ പറ്റൂ...നല്ല ഭാവനയും വേണം..ചാണക്യന്‍ ഒരെണ്ണം ചെയ്തു തരാവോ.. നല്ല പൂക്കള്‍ ഉള്ള ഒരു മരം ആയിക്കോട്ടെ...കാശ് ഒന്നും തരില്ല നേരത്തെ പറഞ്ഞില്ല എന്നു വേണ്ടാ...

യാരിദ്‌|~|Yarid said...

ചാണക്യന്‍സ്, ലേഖനം നന്നായി. ഇതു വായിച്ചിട്ടു ക്ഷമയും സമയവും ഉള്ള ആരെക്ങ്കിലും പത്തു ബോണ്‍സായി ഉണ്ടാക്കട്ടെ..!കാന്താരി പറഞ്ഞതു പോലെ ചാണക്യന്‍ തന്നെ ആദ്യം ഒന്നു രണ്ടെണ്ണം ഉണ്ടാക്കി അതിലൊന്നു എനിക്കും രണ്ടാമത്തേതു കാന്താരിക്കും തരു. കാശൊക്കെ പാഴ്സല്‍ ചെയ്തു അങ്ങയച്ചേക്കാം..;)

അലിഫ് /alif said...

"..വായിച്ച് ,ബോണ്‍സായികള്‍ നിര്‍മ്മിച്ച്, കച്ചവടമടിച്ച് ,പത്ത് കായുണ്ടാക്കൂ...!" - വല്യ കഷ്ടപാടൊന്നും ഇല്ലാതെ കാശുണ്ടാക്കാനുള്ള വല്ല പണിയും പറഞ്ഞ് താ മാഷേ..ഇതൊരുമാതിരി ക്ഷമയുടെ നെല്ലിപലക കാണുന്ന പരിപാടിയാണേ..!
എനിക്കെന്തോ, ഈ ബോൺസായി പരിപാടിയോട് അത്ര യോജിപ്പില്ല. ജോലിയുടെ (ഉപജീവനത്തിന്റെ) ഭാഗമായി പലപ്പോഴും ചില വിട്ട് വീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും - വീട്ടിനകത്തെ നടുമുറ്റത്ത് നാലഞ്ച് ബോ‍ൺസായ് വെച്ചാലേ അവസാന ഇൻസ്റ്റാൾമെന്റ് ഫീസ് തരൂ എന്ന് വന്നാലെന്നാ ചെയ്യാനാ -ബോൺസായി പ്രോത്സാഹിപ്പിക്കേണ്ടതല്ലന്ന് തോന്നീട്ടുണ്ട്. ജീവനുള്ള ഒരു കുരുന്നിനെ കൊല്ലുന്നതിലൂം കഷ്ടമല്ലേ, കുരുടിപ്പിച്ച് വളർത്തുകയെന്നൊക്കെ പറയുന്നത്. കുഞ്ഞുനാളിലെ മരഷൂസിനുള്ളിലേക്ക് കാല്പാദം കയറ്റി വെപ്പിച്ച്, പാദ വളർച്ച മുരടിപ്പിച്ച് സൌന്ദര്യം ഉണ്ടാക്കുന്നത്പോലെയോ, ചുണ്ടിൽ ചെറിയ ദ്വാരം ഉണ്ടാക്കി അതിൽ വർഷങ്ങളോളം പല അളവുകളിലെ വളയങ്ങൾ ഇട്ട് സൌന്ദര്യം (!) ഉണ്ടാക്കുന്നത് പോലെയോ ഒക്കെയുള്ള സാഡിസ്റ്റ് ഏർപ്പാടായിട്ട്ടാണ് എനിക്കിത് തോന്നീട്ടുള്ളത്. സസ്യജാലങ്ങളെ ഒന്നുകിൽ സംരക്ഷിക്കണം, അല്ലെങ്കിലവയെ ഉപദ്രവിക്കാതെ വിട്ടൂടെ; കമ്പിചുരുളുകൾക്കുള്ളിൽ പെട്ട് വളർച്ച മുരടിച്ച് പോകുന്ന മരമാതൃകകൾ എന്തോ എന്റെ സൌന്ദര്യ സങ്കൽ‌പ്പങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്നു..!!
(നീ കോഴികുഞ്ഞിനെ വളർത്തി വലുതാക്കി, ബിസ്മില്ലാഹി പറഞ്ഞ് കശാപ്പ് ചെയ്ത് നല്ല ചിക്കൻ ബിരിയാണി തിന്നൂല്ലേടേ എന്ന് ചോദിച്ച് ഉത്തരം മുട്ടിക്കരുത്ട്ടാ..!!)

ചാണക്യന്‍ said...

കാക്കെ, ഇതൊരു സൈഡ് ബിസിനസാടെ
ശിവ, സ്വാഗതം
അനില്‍@ബ്ലോഗ്, ശ്രമിക്കൂ , വിജയാശംസകള്‍
കാന്താരീ
യാരിദ്- ഇതിത്രിയും എഴുതി പോസ്റ്റാന്‍ ഞാന്‍ കാണിച്ച ക്ഷമക്ക് ആദ്യം അവാര്‍ഡ് തരൂ.
അലിഫ്/aliph- മാഷെ ഇതൊരു കലയായി കാണൂ, പ്രകൃതി തന്നെ ബോണ്‍സായികളെ സൃഷ്ടിക്കുന്ന കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നു. ഇങ്ങനെ ചെയ്തെന്ന് വച്ച് അവര്‍ക്ക് വേദനിക്കുകയൊന്നുമില്ല, നാമതിനെ നശിപ്പിക്കുന്നില്ലല്ലോ വളര്‍ത്തുകയല്ലെ, മുരടിപ്പിച്ച്...

പാമരന്‍ said...

ഇന്‍ററസ്റ്റിംഗ്‌.. നല്ല ലേഖനം.

"തികഞ്ഞ ക്ഷമ (ഇതില്ലാത്തവര്‍ സ്ഥിരമായി ടിവി സീരിയലുകള്‍ കാണുക, ക്ഷമ താനെ കൈവരും)"

:)

Rare Rose said...

പ്രയോജനപ്രദമായ പോസ്റ്റ്...ഭീമന്‍ മരങ്ങളെ കുഞ്ഞന്മാരാക്കി വളര്‍ത്തുന്നത് കാണാന്‍ നല്ല രസമാണു...ക്ഷമയും അദ്ധ്വാനവും വേണ്ട ഒരു കലയാണിതെന്നും അറിയാം...എന്നാലും പടര്‍ന്നു പന്തലിക്കേണ്ട ഈ മരങ്ങളെ വളര്‍ച്ച മുരടിപ്പിച്ച് കുഞ്ഞന്മാരാക്കുമ്പോള്‍ എന്തോ ഒരു വല്ലായ്മ...

Unknown said...

ബോണ്‍സായി നിര്‍മ്മാണത്തെകുറിച്ച് ഇത്രയും പറഞ്ഞ് തന്നതിന് വളരെ നന്ദി ചാണക്യന്‍
കൊള്ളാം

Prabhan Krishnan said...

കുറേനാള്‍ കൊണ്ടുനടന്ന ഒരു സംശയം തീര്‍ന്നുകിട്ടി..!
നന്ദി മാഷേ..!ഒത്തിരി നന്ദി.
ഈ വയറിംഗ് ഒന്നൂടി വിശദമാക്കാമോ..?ഒരുമീറ്ററിലേറെ വളര്‍ന്ന ഒരു മരം പിഴുതെടുത്ത് ഇങ്ങനെ ചെയ്യാനൊക്കുമോ..?പിന്നെ, എല്ലാമാസവും ഇങ്ങനെ വേര് മുറിക്കേണ്ടതുണ്ടോ?
സംശയം തീര്‍ത്തുതരുമല്ലോ..?

ആശംസകളോടെ..പുലരി

Unknown said...
This comment has been removed by the author.
Unknown said...

ബോൺസായ് വിത്ത് എങ്ങനെ മുളപ്പിക്കാം എന്ന് പറയൂ