മനുഷ്യന്‍ എല്ലാം പ്രകൃതിയില്‍ നിന്ന് കണ്ട് പഠിക്കുന്നു എന്നാണല്ലോ പറയപ്പെടുന്നത്. അതിനൊരു നിദാനമാണ് ബോണ്‍സായി എന്ന കലയുടെ കണ്ടെത്തലും. വന്‍വൃക്ഷങ്ങളുടെ സ്വാഭാവിക വളര്‍ച്ചയെ ശാസ്ത്രീയ രീതിയില്‍ മുരടിപ്പിച്ച് മരകുഞ്ഞന്‍മാരാക്കുന്ന കലയാണ് ബോണ്‍സായി. ബോണ്‍സായി എന്നത് ജപ്പാന്‍ വാക്കാണ്. പാത്രത്തില്‍ വളരുന്ന ചെടി എന്നാണ് ഈ വാക്കിനര്‍ത്ഥം. ചൈനീസ് ഭാഷയില്‍ ഇത് പുന്‍-ജ്സാല്‍ എന്നും കൊറിയയില്‍ ബന്‍-ജേ എന്നും വിളിക്കുന്നു. മലഞ്ചരിവുകളിലും വന്‍പാറകൂട്ടങ്ങളിലും വളരുന്ന മരങ്ങള്‍ ഉയരം കുറഞ്ഞ് കാണപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലെ. പക്ഷെ ഇവ സാധാരണ പോലെ കായ്ക്കുകയും പുഷ്പിക്കുകയും ചെയ്യും. സംതുലിതമായ കാലാവസ്ഥയുടെയും ജലത്തിന്റെയും, പോഷകഹാരത്തിന്റെ കുറവും കാരണമാണ് വൃക്ഷഭീമന്‍മാര്‍ തലതാഴ്ത്തി മുരടിച്ച് വളരുന്നത്. എന്തായാലും ജനിച്ച് പോയില്ലെ വളരുകതന്നെ എന്ന് കരുതി വളര്‍ന്നാണ് ഇവ പ്രകൃതിദത്ത ബോണ്‍സായികളായത്. ഇനി എപ്പോഴെങ്കിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും മലഞ്ചരിവുകളിലും വളരുന്ന പറങ്കിമാവുകളെയോ പേരാലുകളേയോ ശ്രദ്ധിക്കുക- തങ്ങളെങ്ങനെ ബോണ്‍സായികളായെന്ന് അവ പറഞ്ഞു തരും, കേള്‍ക്കാനും കണാനുമുള്ള മനസ് വേണമെന്ന് മാത്രം.
ബോണ്‍സായിചരിത്രം ചൈനാക്കാരാണ് ബോണ്‍സായികലയുടെ തലതൊട്ടപ്പന്‍മാരായി അറിയപ്പെടുന്നത്. കണ്‍ഫ്യൂഷനിസവും നാച്വറിലിസവും സമന്വയിക്കുന്നതാണ് ഈ കല. പ്രകൃതിയെ നോക്കൂ, കണ്ട് പഠിക്കൂ എന്ന കണ്‍ഫ്യൂഷ്യന്‍ തത്വശാസ്ത്രമായിരിക്കാം ചൈനാക്കാരെ ബോണ്‍സായി നിര്‍മ്മാണത്തിലേക്ക് തിരിച്ചു വിട്ടത്. വാന്‍ ഡൈനാസ്റ്റിയിലെ (206BC-220AD)ഒരു ചക്രവര്‍ത്തിയാണ് ആദ്യമായി ബോണ്‍സായി പരീക്ഷിച്ചതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. മറ്റൊരു ചരിത്രം, നാലാം നൂറ്റാണ്ടിലെ ഒരു ചൈനീസ് കവിയായിരുന്ന ഗ്യൂന്‍-മിങ്ങ് ആണ് ബോണ്‍സായി കലയ്ക്ക് തുടക്കമിട്ടതെന്നും രേഖപ്പെടുത്തുന്നു. 1972ല്‍ ഷ്വാങ്-ഹ്യവായ് ,(ടാജ് ഡൈനാസ്റ്റി, 618-907AD) എന്ന ചൈനീസ് ചക്രവര്‍ത്തിയുടെ ശവകുടീരം ഗവേഷകര്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ അതിനുള്ളിലെ ചുവരുകളില്‍ ബോണ്‍സായികള്‍ കൈയിലേന്തി നില്‍ക്കുന്ന പരിചാരകരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.
ഇന്‍ഡ്യയിലെ പ്രാചീന ആയുര്‍വ്വേദാചാര്യന്‍മാര്‍ക്ക് ഈ കലയെക്കുറിച്ച് അറിവുണ്ടായിരുന്നതായും പറയുന്നുണ്ട്. ഹിമാലയത്തില്‍ തപം ചെയ്തിരുന്ന സന്യാസിവര്യന്‍മാര്‍ അവിടെ നിന്നും മടങ്ങിയപ്പോള്‍ പല ഔഷധ വൃക്ഷങ്ങളെയും ബോണ്‍സായി രൂപത്തില്‍ നാട്ടിലെത്തിച്ചുവത്രെ. തുളസിച്ചെടിയെ ബോണ്‍സായിയായി വളര്‍ത്തിയിരുന്നതായും കാണുന്നുണ്ട്. 12ആം നൂറ്റാണ്ടില്‍ ഈ കലയെ Vamanantanu Vrikshadi Vidhya എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. വൃക്ഷങ്ങളെ മുരടിപ്പിച്ച് വളര്‍ത്തല്‍ എന്നാണ് ഈ പദത്തിന് അര്‍ത്ഥം. പാശ്ചാത്യര്‍ ബോണ്‍സായികലയെ അംഗീകരിച്ച് വീണ്ടും നൂറുവര്‍ഷം കഴിഞ്ഞാണ് ഈ സമ്പ്രദായം ഇന്ന് കാണുന്ന രീതിയില്‍ ഇന്‍ഡ്യലെത്തിയതെന്ന വാദവുമുണ്ട്. 1878ല്‍ പാരീസില്‍ നടന്ന Third Universal Exhibition ല്‍ ഈ കലയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞെങ്കിലും 1935നു ശേഷം മാത്രമെ ഇതിനെ ഒരു കലയായി അംഗീകരിക്കാന്‍ പാശ്ചാത്യര്‍ തയ്യാറായുളു. ഇക്കാലമത്രയും ജപ്പാന്‍കാര്‍ ഈ കലയെ ജനകീയമാക്കാനുള്ള ശ്രമത്തിലായിരുന്നു. ഇന്ന് സ്വീകരണമുറികളുടെയും ഓഫീസ്മുറികളുടെയും അലങ്കാരചെടികളായി മാറിയ ബോണ്‍സായികള്‍ക്ക് ലക്ഷങ്ങളാണ് വില.
ബോണ്‍സായി നിര്‍മ്മാണം വന്‍വൃക്ഷങ്ങളെ കുഞ്ഞന്‍മാരാക്കാമെന്ന് കരുതി വേഗത്തില്‍ അതങ്ങ് സാധിച്ചുകളയാം എന്ന വ്യാമോഹമൊന്നും വേണ്ട! സാധാരണ ഗതിയില്‍ ഒരു മരം പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാന്‍ വേണ്ട സമയം വേണം ബോണ്‍സായിക്കും. വലിയമരങ്ങളെ മുരടിപ്പിച്ച് നീളം മാത്രം കുറച്ചത്കൊണ്ട് കാര്യമില്ല; തനതായ ആകൃതിയിലാക്കി വളര്‍ത്തിയെടുക്കുക എന്നതും പ്രധാന ജോലിയാണ്. വളര്‍ച്ചയുടെ ആദ്യ ഘട്ടം മുതല്‍ വേരുകള്‍ ശ്രദ്ധാപൂര്‍വ്വം വെട്ടിയൊതുക്കുകയും ശിഖരങ്ങള്‍ നിയന്ത്രിക്കുകയും വേണം. മാത്രവുമല്ല സാധാരണഗതിയില്‍ നല്‍കുന്ന വളവും കീടനിയന്ത്രണ ഉപാധികളും ബോണ്‍സായിക്കും ആവശ്യമാണ്.
ആവശ്യസാധനങ്ങള്‍ 1. വിവിധ അളവുകളിലുള്ള ചെടിച്ചട്ടികള്‍
2. അനുയോജ്യമായ മണ്ണ്
3. വളവും കീടനിയന്ത്രണ ഉപാധികളും
4. മരം വെട്ടുന്നതിനും പരിപാലിക്കുന്നതിനുമുള്ള ആയുധങ്ങള്‍(കട്ടറുകള്‍, പ്ലയറുകള്‍, വയര്‍ റിമൂവല്‍)
5. ചെമ്പ് കമ്പി
6. തികഞ്ഞ ക്ഷമ (ഇതില്ലാത്തവര്‍ സ്ഥിരമായി ടിവി സീരിയലുകള്‍ കാണുക, ക്ഷമ താനെ കൈവരും)
7. തികഞ്ഞ കലാബോധം (വളര്‍ത്താനുദ്ദേശിക്കുന്ന മരങ്ങളുടെ യഥാര്‍ത്ഥ രൂപത്തെ ശരിയാംവണ്ണം നോക്കിപഠിക്കുക)
ഇത്രയുമുണ്ടെങ്കില്‍ ആരംഭിക്കാം. ആദ്യം ഏതിനമാണ് ബോണ്‍സായി ആക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ആ ഇനത്തിന്റെ തൈയോ വിത്തോ സംഘടിപ്പിക്കുക. കൂട്ടത്തിലൊന്ന് പറഞ്ഞോട്ടെ തായ്ത്തടി വണ്ണം വെയ്ക്കുന്നതും, നാലുപാടും ശിഖരങ്ങള്‍ ഉള്ളതും, നിറയെ ഇലകള്‍ ഉള്ളതുമായ ഇനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. സാധാരണയായി അത്തിമരം, ദേവദാരു, അരയാല്‍, അരശ് എന്നിവയാണ് ഉപയോഗിക്കാറ്, മറ്റ് ഇനങ്ങളില്‍ പരീക്ഷണവും ആവാം. ഇനി ചെയ്യേണ്ടത് ഈ ഇനങ്ങളുടെ തൈ സംഘടിപ്പിക്കുകയാണ്. പാറക്കൂട്ടങ്ങള്‍ക്കിടയിലോ പാഴടഞ്ഞ വീടുകളുടെ കരിങ്കല്‍ ചുമരുകളിലോ വളര്‍ന്ന് നില്‍ക്കുന്ന തൈകള്‍ പ്രയോജനപ്പെടുത്താം. അല്ലെങ്കില്‍ വിത്തുകള്‍ പാകി മുളപ്പിച്ചും തൈകള്‍ തയ്യാറാക്കാം. ഇനി വേണ്ടത് പരന്നതും ആഴമുള്ളതുമായ ചെടിച്ചട്ടിയാണ്. ഈ ചട്ടിയില്‍ ഇടേണ്ട മണ്ണാണ് ഇനി വേണ്ടത്. അതിനായി കരിമണ്ണ്, കളിമണ്ണ്, മണല്‍ എന്നിവ ശേഖരിക്കുക. ഇവ 3:2:1 എന്ന അനുപാതത്തില്‍ കൂട്ടിക്കുഴച്ച് ചട്ടിയിലിട്ട് തൈ നടുക. കൂടെ ഒരു സ്പൂണ്‍ രാസവളവും ചേര്‍ക്കാം. മാസത്തില്‍ ഒരു തവണയെ രാസവളപ്രയോഗം നടത്താവൂ. ഈ ചട്ടി ഒരിക്കലും നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന ഭാഗത്ത് വയ്ക്കരുത്, മുറിയില്‍ വയ്ക്കാം. വളര്‍ച്ചക്ക് എന്തെങ്കിലും ക്രമക്കേടുകണ്ടാല്‍ മാത്രം പുറത്തെടുത്ത് അരമണിക്കൂര്‍ നേര്‍ത്ത വെയില്‍ കൊള്ളിക്കുക. ഇതിന് ചാണകം കലക്കിയ വെള്ളമോ കിണട്ട് വെള്ളമോ ഒഴിക്കുക. പൈപ്പ് വെള്ളമാണെങ്കില്‍ തലേന്ന് ശേഖരിച്ചത് ഒഴിക്കുക. ഇതൊക്കെ സാധാരണ ചെടികളെ സംരക്ഷിക്കുന്ന രീതിയില്‍ ചെയ്താല്‍ മതിയാകും, അങ്ങനെ ഒരു മാസം കഴിയട്ടെ......
പിന്നീട് മനസ് സ്വസ്ഥമായിരിക്കുമ്പോള്‍ ഒരു മാസം പ്രായമായ ചെടിയെ ചട്ടിയില്‍ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം പിഴുതെടുക്കുക. വലിച്ച് പിഴരുത്, മണ്ണ് സാവകാശം മാറ്റി വേരുകള്‍ കേടുപാടുകള്‍ കൂടാതെ പുറത്തെടുക്കണം. ഇതിനായി ചെടിച്ചട്ടി ചരിച്ച് പിടിച്ചിട്ട് ഒരു ഹോസിലൂടെ വെള്ളം ചീറ്റിച്ചാല്‍ മണ്ണിളകിപ്പോരും. ചെടിയെ പുറത്തെടുത്ത് തായ് വേര് പോയിട്ടുള്ള മറ്റ് വേരുകളുടെ അറ്റങ്ങളെ കട്ടറുപയോഗിച്ച് കൂര്‍പ്പിച്ച് മുറിച്ച് മാറ്റുക. അതായത് ലംബമായി മുറിക്കാതെ അല്പം ചരിച്ച് കോണാകൃതിയില്‍ മുറിക്കുക. വീണ്ടും ഇതിനെ നേരത്തെ പറഞ്ഞ മണല്‍ മിശ്രിതം തയ്യാറാക്കി ചെടിച്ചട്ടിയില്‍ നടുക, പരിചരണം തുടരുക. മാസങ്ങള്‍ കഴിയുമ്പോള്‍ തായ്ത്തടിക്കിത്തിരി വണ്ണവും, ശിഖരങ്ങളും, ഇലകളുമായിക്കഴിഞ്ഞിരിക്കും. ഇനിയാണ് ചെമ്പ് കമ്പി ഉപയോഗിച്ച് വയറിംഗ് നടത്തി ശിഖരങ്ങളെ നിയന്ത്രിക്കേണ്ടത്. ഏറ്റവും ക്ഷമയും കലാബോധവും ഇവിടെ സംന്വയിക്കണം. ശിഖരങ്ങള്‍ അധികം പൊങ്ങാതിരിക്കാന്‍ ചെറിയ ഭാരങ്ങള്‍ കെട്ടി തൂക്കുകയുമാവാം. ഒപ്പം ശിഖരങ്ങളുടെ നീളക്കൂടുതല്‍ മുറിച്ച് മാറ്റി ക്രമപ്പെടുത്തുക. വലിയ ഇലകളുണ്ടെങ്കില്‍ അവയുടെ വശങ്ങള്‍ വെട്ടിയൊതുക്കി ചെറുതാക്കുക. കാലക്രമേണ പൊക്കത്തിന് ആനുപാതികമായ വലിപ്പത്തിലുള്ള ഇലകള്‍ വന്നുകൊള്ളും. ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ പൊക്കത്തിലാണ് സാധാരണയായി ബോണ്‍സായികള്‍ വളര്‍ത്തുന്നത്. നിങ്ങളുടെ ഇഷ്ടാനുസരണമുള്ള പൊക്കം കിട്ടിക്കഴിഞ്ഞാല്‍ നേരത്തെ പറഞ്ഞ തരത്തില്‍ ഇളക്കി വേരുകള്‍ മുറിക്കുന്ന കൂട്ടത്തില്‍ തായ് വേരിന്റെ അറ്റവും കൂര്‍പ്പിച്ച് മുറിച്ചു വിടുക. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അനുയോജ്യമായ വലിപ്പത്തിലുള്ള ചെടിച്ചട്ടികള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ?
വര്‍ഷങ്ങളുടെ പരിചരണവും ക്ഷമയും കലാബോധവും ഒത്തു ചേര്‍ന്നാലെ തനതായ ഒരു ബോണ്‍സായി നിര്‍മ്മിക്കാന്‍ കഴിയൂ എന്ന് മറക്കാതിരിക്കുക.....
എങ്കില്‍ ഇനി തുടങ്ങൂ നിങ്ങളുടെ സ്വന്തം ബോണ്‍സായി നിര്‍മ്മാണം.....All the best
ചെമ്പ് കമ്പികൊണ്ട് വയറിംഗ് ചെയ്ത ഒരു ബോണ്‍സായി