Friday, November 7, 2008

ഒബാമയും അമേരിക്കയും



ചിത്രത്തിന് കടപ്പാട്:Picscrazy.com

Sunday, August 24, 2008

പത്മനാഭപുരം കൊട്ടാരം

കന്യാകുമാരി ജില്ലയിലെ തക്കല‌-കുലശേഖരം റോഡില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പത്മനാഭപുരം കൊട്ടാരത്തിലെത്താം. തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ കൊട്ടാരത്തിന്റെ സംരക്ഷണാധികാരം കേരള സംസ്ഥാന പുരാവസ്തു വകുപ്പിനാണ്. തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന കേരള സംസ്കാരത്തിന്റെ ഏറെ അമൂല്യമായ ചരിത്രാവശിഷ്ടമാണ് പത്മനാഭപുരം കൊട്ടാരം. 186 ഏക്കറിലാണ് ഈ കൊട്ടാര സമുച്ചയം നിലകൊള്ളുന്നത്. ആറര ഏക്കര്‍ സ്ഥലത്ത് പ്രധാന കൊട്ടാരങ്ങള്‍ പണികഴിപ്പിച്ചിരിക്കുന്നു. 18-ആം ശതകത്തിന്റെ മധ്യം വരെ തിരുവിതാം‌കൂറിന്റെ രാജധാനിയായിരുന്ന കല്‍ക്കുളം കൊട്ടാരത്തെയാണ് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ (1729-58) നവീകരിച്ച് പത്മനാഭപുരം കൊട്ടാരമാക്കിയത്. തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാരുടെ വാസസ്ഥലം ഈ കൊട്ടാരമായിരുന്നു. പല കാലയളവില്‍ നടന്ന നവീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇന്ന് കാണുന്ന രീതിയിലുള്ള കൊട്ടാര സമുച്ചയം രൂപം‌കൊണ്ടത്. കേരളീയ ശില്പകലയുടെ ഒരു അത്യുത്തമ മാതൃകയായി നിലകൊള്ളുന്ന പത്മനാഭപുരം കൊട്ടാരം ഒരു പ്രധാന വിനോധ സഞ്ചാര കേന്ദ്രമാണ്.

പശ്ചിമഭാഗത്ത് കൂടിയാണ് കൊട്ടരത്തില്‍ പ്രവേശിക്കേണ്ടത്. പൂമുഖത്തെ കുതിരവിളക്കാണ് ചിത്രത്തില്‍. ഈ വിളക്കിനെ എങ്ങനെ ചുറ്റിക്കറക്കി വിട്ടാലും കറക്കം നിലയ്ക്കുമ്പോള്‍ കിഴക്കോട്ട് നോക്കി നില്‍ക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

ഒറ്റ പ്ലാവിന്‍ തടിയില്‍ തീര്‍ത്ത ചിത്രത്തൂണ്. കേരളീയ കൊത്തുപണിയുടെ വൈദഗ്ധ്യത്തിനൊരു നിദാനം


ചിത്രത്തൂണിന്റെ മറ്റൊരു ദൃശ്യം. ഇതിനെ തായ്‌തൂണ് എന്നും പറയാറുണ്ട്.

ഓണക്കാലത്ത് തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാര്‍ ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ചിരുന്ന ഓണവില്ലുകള്‍



കൊട്ടാര സമുച്ചയത്തിലെ ഏറ്റവും പഴക്കമുള്ള കൊട്ടാരം. ഇത് തായ്‌കൊട്ടാരം എന്നറിയപ്പെടുന്നു. നാനൂറോളം വര്‍ഷത്തെ പഴക്കമുണ്ടെന്ന് ചരിത്രരേഖകള്‍ പറയുന്നു.



തായ്‌കൊട്ടാരത്തിന്റെ സൈഡ് വ്യൂ



രാജാക്കന്‍‌മാര്‍ വിശ്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ഔഷധ കട്ടില്‍. നിരവധി ഔഷധ മരങ്ങളുടെ തടിയില്‍ നിര്‍മ്മിച്ച ഈ കട്ടിലില്‍ കിടന്നാല്‍ രോഗങ്ങള്‍ വരില്ലത്രെ.



കൊട്ടാര സമുച്ചയത്തിലെ ഏറ്റവും പൊക്കമുള്ള കൊട്ടാരം. ഇതിനെ ഉപ്പിരിക്ക മാളിക എന്ന് വിളിക്കുന്നു. നാലു നിലകളുള്ള ഈ കൊട്ടാരത്തിന്റെ മൂന്നാം നിലയാണ് രാജാവിന്റെ ശയന മുറി.



ഉപ്പിരിക്ക മാളികയുടെ മുകള്‍ ഭാഗത്തെ ദൃശ്യം



കൊട്ടരത്തിലെ രാജദര്‍ബാര്‍. ഇവിടെയാണ് രാജാവ് മന്ത്രിമാരോടൊപ്പം രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്



ആയിരം‌പേര്‍ക്ക് ഒരുമിച്ചിരുന്ന് ഉണ്ണാനുള്ള സദ്യാലയം



ഉപ്പിലിടുകളും മറ്റും സൂക്ഷിച്ചിരുന്ന ചീന ഭരണികള്‍. തിരുവിതാം‌കൂറിന് ചൈനയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിന് തെളിവുകളായി ഈ ചീനഭരണികളെ ചരിത്രകാരന്‍‌മാര്‍ കണക്കാക്കുന്നുണ്ട്.



കൊട്ടാരത്തിനുള്ളിലെ നീരാഴി



നവരാത്രി മണ്ഡപം. ഇവിടെയാണ് നവരാത്രികാലത്ത് നൃത്തവും പാട്ടും അരങ്ങേറിയിരുന്നത്. ( മണിച്ചിത്രത്താഴിലെ നാഗവല്ലി ആടിതിമിര്‍ത്തത് ഇവിടെയാണ്)



കൊട്ടാരത്തിലെ കിളിവാതില്‍. അന്തപ്പുര സ്ത്രീകള്‍ പത്മനാഭപുരത്ത് എഴുന്നള്ളത്തും ഘോഷയാത്രകളും നടക്കുമ്പോള്‍ വീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. പ്രജകളുടെ പരാതികള്‍ കേള്‍ക്കാനായി രാജാവും ഈ കിളിവാതില്‍ ഉപയോഗിച്ചിരുന്നു.




കൊട്ടാരത്തെയും പരിസരത്തെയും സമയമറിയിച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഴികമണി. പുരാതന എഞ്ചനീയറിംഗ് വൈദഗ്ധ്യത്തിനു ഒരു മകുടോദാഹരണം. ഇതിന്റെ മണിയൊച്ച കിലോമീറ്ററുകള്‍ ദൂരത്ത് കേള്‍ക്കാമായിരുന്നുവത്രെ. ഇന്ന് ഇതിന്റെ മണിയൊച്ച നിലച്ചുവെങ്കിലും, നിശബ്ദമായി ഇപ്പോഴും സമയം കാണിക്കുന്നുണ്ട്. വലിയ കപ്പികളില്‍ ഇട്ടിരിക്കുന്ന ഇരുമ്പ് ചങ്ങലകളിലെ ഭാരമേറിയ കല്ലുകള്‍ വലിച്ചുയര്‍ത്തിയാണ് ഇതിന് കീ നല്‍കുന്നത്.



കൊട്ടാര സമുച്ചയത്തിലെ മറ്റൊരു കൊട്ടാരമായ തെക്കെ കൊട്ടാരത്തിന്റെ പൂമുഖം. മറ്റു കൊട്ടാരങ്ങളെ അപേക്ഷിച്ച് വളരെ പൊക്കം കുറച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എട്ടു വീട്ടില്‍ പിള്ളമാരുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു. ഒരിക്കല്‍ എട്ടു വീട്ടില്‍പിള്ളമാരില്‍ ഒരാളായ കുടമണ്‍‌പിള്ള രാജാവിനെ കാണാന്‍ പത്മനാഭപുരത്ത് എത്തി. രാജാവിന്റെ മുറിയുടെ വാതില്‍ പൊക്കം കുറഞ്ഞത് കാരണം കുടമണ്‍പിള്ളയ്ക്ക് തലകുനിച്ച് ഉള്ളില്‍ കടക്കേണ്ടി വന്നു. ഇതില്‍ അപമാനം തോന്നിയ കുടമണ്‍പിള്ള കുറച്ചകലെ മുളകുമൂട്ടില്‍ ഏറെ പൊക്കം കുറച്ച് ഒരു കൊട്ടാരം നിര്‍മ്മിച്ച്, പാലുകാച്ചിന് രാജാവിനെ ക്ഷണിച്ചു. മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മക്ക് ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്ക് തലകുനിച്ച് കയറേണ്ടി വന്നു; രാജാവ് മറ്റൊന്നും വിചാരിക്കാതെയാണ് തലകുനിച്ച് കയറിയത്. എന്നാല്‍ ദളവയായ രാമയ്യന്, കുടമണ്‍പിള്ളയുടെ രാജാവിനെ അപമാനിക്കാനുള്ള തന്ത്രം മനസിലാക്കാന്‍ കഴിഞ്ഞു. തിരികെ പത്മനാഭപുരത്തെത്തിയപ്പോള്‍ ഇക്കാര്യം ദളവ, രാജാവിനെ അറിയിച്ചു. കുപിതനായ മാര്‍ത്താണ്ഡവര്‍മ്മ, രാ‍ജാവിനല്ലാതെ കൊട്ടാരം പണിയാനുള്ള കുടമണ്‍പിള്ളയുടെ ആഗ്രഹത്തെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. മുളകുമൂട്ടിലെ കുടമണ്‍പിള്ളയുടെ കൊട്ടാരത്തെ നശിപ്പിച്ച് കുളം‌കോരാന്‍ ഉത്തരവായി. ഉടന്‍ സൈന്യം അവിടെയെത്തി കുടമണ്‍പിള്ളയുടെ കൊട്ടാരം ഇടിച്ച് നിരത്തി, ഉത്തരവും കഴുക്കോലുമടക്കം സകല സാധനങ്ങളും കണ്ടുകെട്ടി പത്മനാഭപുരത്തെത്തിച്ചു. അവിടെ നിന്നും കൊണ്ടു വന്ന സാധനങ്ങള്‍ ഉപയോഗിച്ച് പത്മനാഭപുരം കൊട്ടാരത്തിന് സമീപം തെക്കെ കൊട്ടാരം പുനസ്ഥാപിച്ചു. എന്നാല്‍ നാളിതുവരെ ഒരു കുടുംബവും തെക്കെ കൊട്ടാരത്തില്‍ പാര്‍ത്തിട്ടില്ല.



കൊട്ടാരത്തിനു സമീപത്തെ പുരാവസ്തു മ്യൂസിയത്തിലെ ഒരു ദാരുശില്പം.

അടുത്ത കാലത്ത് പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. കേരളീയ വാസ്തുകലയുടെ വൈദഗ്ധ്യത്തിന് ഉദാഹരണമായ ഈ കൊട്ടരത്തിനു സമീപത്തെ തേവാരക്കെട്ട് സരസ്വതീ ക്ഷേത്രത്തില്‍ നിന്നാണ് നവരാത്രി വിഗ്രഹങ്ങളെ തിരുവനന്തപുരത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് എഴുന്നെള്ളിക്കുന്നത്. ഇന്നും പഴയ തനിമ നഷ്ടമാവാതെ വളരെ ഭംഗിയായ രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന ഈ കൊട്ടാരം സന്ദര്‍ശിക്കാന്‍ വിദേശികളടക്കം നിരവധിപേര്‍ എത്തുന്നുണ്ട്. തിങ്കളാഴ്ച്ച കൊട്ടാരത്തിന് ഒഴിവു ദിനമാണ്, അന്ന് സന്ദര്‍ശകരെ കടത്തിവിടില്ല. കൊട്ടാരത്തിന്റെ മുക്കും മൂലയും കാണിച്ചു തന്ന് വിജ്ഞാനപ്രദമായ വിശദീകരണങ്ങള്‍ നല്‍കുന്ന ഗൈഡുകളുടെ സേവനം പ്രശംസനീയമാണ്.

Saturday, July 26, 2008

ഇതിനെയൊക്കെ എന്ത് ചെയ്യണം

കുസൃതികളുടെ കുസൃതിത്തരങ്ങള്‍ കാണൂ....
ഇതിനെയൊക്കെ എന്ത് ചെയ്യണം?

















പടങ്ങള്‍ സ്വന്തമായി അടിച്ച് മാറ്റിയത്!
ചിത്രങ്ങള്‍ക്ക് കടപ്പാട്:PICSCRAZY.COM

Thursday, July 24, 2008

ബോണ്‍സായി നിര്‍മ്മാണം

മനുഷ്യന്‍ എല്ലാം പ്രകൃതിയില്‍ നിന്ന് കണ്ട് പഠിക്കുന്നു എന്നാണല്ലോ പറയപ്പെടുന്നത്. അതിനൊരു നിദാനമാണ് ബോണ്‍സായി എന്ന കലയുടെ കണ്ടെത്തലും. വന്‍‌വൃക്ഷങ്ങളുടെ സ്വാഭാവിക വളര്‍ച്ചയെ ശാസ്ത്രീയ രീതിയില്‍ മുരടിപ്പിച്ച് മരകുഞ്ഞന്‍‌മാരാക്കുന്ന കലയാണ് ബോണ്‍സായി. ബോണ്‍സായി എന്നത് ജപ്പാന്‍ വാക്കാണ്. പാത്രത്തില്‍ വളരുന്ന ചെടി എന്നാണ് ഈ വാക്കിനര്‍ത്ഥം. ചൈനീസ് ഭാഷയില്‍ ഇത് പുന്‍-ജ്സാല്‍ എന്നും കൊറിയയില്‍ ബന്‍-ജേ എന്നും വിളിക്കുന്നു. മലഞ്ചരിവുകളിലും വന്‍‌പാറകൂട്ടങ്ങളിലും വളരുന്ന മരങ്ങള്‍ ഉയരം കുറഞ്ഞ് കാണപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലെ. പക്ഷെ ഇവ സാധാരണ പോലെ കായ്ക്കുകയും പുഷ്പിക്കുകയും ചെയ്യും. സംതുലിതമായ കാലാവസ്ഥയുടെയും ജലത്തിന്റെയും, പോഷകഹാരത്തിന്റെ കുറവും കാരണമാണ് വൃക്ഷഭീമന്‍‌മാര്‍ തലതാഴ്ത്തി മുരടിച്ച് വളരുന്നത്. എന്തായാലും ജനിച്ച് പോയില്ലെ വളരുകതന്നെ എന്ന് കരുതി വളര്‍ന്നാണ് ഇവ പ്രകൃതിദത്ത ബോണ്‍സായികളായത്. ഇനി എപ്പോഴെങ്കിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും മലഞ്ചരിവുകളിലും വളരുന്ന പറങ്കിമാവുകളെയോ പേരാലുകളേയോ ശ്രദ്ധിക്കുക‌- തങ്ങളെങ്ങനെ ബോണ്‍സായികളായെന്ന് അവ പറഞ്ഞു തരും, കേള്‍ക്കാനും കണാനുമുള്ള മനസ് വേണമെന്ന് മാത്രം.

ബോണ്‍സായിചരിത്രം

ചൈനാക്കാരാണ് ബോണ്‍സായികലയുടെ തലതൊട്ടപ്പന്‍‌മാരായി അറിയപ്പെടുന്നത്. കണ്‍ഫ്യൂഷനിസവും നാച്വറിലിസവും സമന്വയിക്കുന്നതാണ് ഈ കല. പ്രകൃതിയെ നോക്കൂ, കണ്ട് പഠിക്കൂ എന്ന കണ്‍ഫ്യൂഷ്യന്‍ തത്വശാസ്ത്രമായിരിക്കാം ചൈനാക്കാരെ ബോണ്‍സായി നിര്‍മ്മാണത്തിലേക്ക് തിരിച്ചു വിട്ടത്. വാന്‍ ഡൈനാസ്റ്റിയിലെ (206BC-220AD)ഒരു ചക്രവര്‍ത്തിയാണ് ആദ്യമായി ബോണ്‍സായി പരീക്ഷിച്ചതെന്ന് ചരിത്രകാരന്‍‌മാര്‍ പറയുന്നു. മറ്റൊരു ചരിത്രം, നാലാം നൂറ്റാണ്ടിലെ ഒരു ചൈനീസ് കവിയായിരുന്ന ഗ്യൂന്‍‌‌-മിങ്ങ് ആണ് ബോണ്‍സായി കലയ്ക്ക് തുടക്കമിട്ടതെന്നും രേഖപ്പെടുത്തുന്നു. 1972ല്‍ ഷ്വാങ്-ഹ്യവായ് ,(ടാജ് ഡൈനാസ്റ്റി, 618-907AD) എന്ന ചൈനീസ് ചക്രവര്‍ത്തിയുടെ ശവകുടീരം ഗവേഷകര്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ അതിനുള്ളിലെ ചുവരുകളില്‍ ബോണ്‍സായികള്‍ കൈയിലേന്തി നില്‍ക്കുന്ന പരിചാരകരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

ഇന്‍ഡ്യയിലെ പ്രാചീന ആയുര്‍വ്വേദാചാര്യന്‍‌മാര്‍ക്ക് ഈ കലയെക്കുറിച്ച് അറിവുണ്ടായിരുന്നതായും പറയുന്നുണ്ട്. ഹിമാലയത്തില്‍ തപം ചെയ്തിരുന്ന സന്യാസിവര്യന്‍‌മാര്‍ അവിടെ നിന്നും മടങ്ങിയപ്പോള്‍ പല ഔഷധ വൃക്ഷങ്ങളെയും ബോണ്‍സായി രൂപത്തില്‍ നാട്ടിലെത്തിച്ചുവത്രെ. തുളസിച്ചെടിയെ ബോണ്‍സായിയായി വളര്‍ത്തിയിരുന്നതായും കാണുന്നുണ്ട്. 12ആം നൂറ്റാണ്ടില്‍ ഈ കലയെ Vamanantanu Vrikshadi Vidhya എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. വൃക്ഷങ്ങളെ മുരടിപ്പിച്ച് വളര്‍ത്തല്‍ എന്നാണ് ഈ പദത്തിന് അര്‍ത്ഥം. പാശ്ചാത്യര്‍ ബോണ്‍സായികലയെ അംഗീകരിച്ച് വീണ്ടും നൂറുവര്‍ഷം കഴിഞ്ഞാണ് ഈ സമ്പ്രദായം ഇന്ന് കാണുന്ന രീതിയില്‍ ഇന്‍ഡ്യലെത്തിയതെന്ന വാദവുമുണ്ട്. 1878ല്‍ പാരീസില്‍ നടന്ന Third Universal Exhibition ല്‍ ഈ കലയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞെങ്കിലും 1935നു ശേഷം മാത്രമെ ഇതിനെ ഒരു കലയായി അംഗീകരിക്കാന്‍ പാശ്ചാത്യര്‍ തയ്യാറായുളു. ഇക്കാലമത്രയും ജപ്പാന്‍‌കാര്‍ ഈ കലയെ ജനകീയമാക്കാനുള്ള ശ്രമത്തിലായിരുന്നു. ഇന്ന് സ്വീകരണമുറികളുടെയും ഓഫീസ്മുറികളുടെയും അലങ്കാരചെടികളായി മാറിയ ബോണ്‍സായികള്‍ക്ക് ലക്ഷങ്ങളാണ് വില.‍

ബോണ്‍സായി നിര്‍മ്മാണം

വന്‍‌വൃക്ഷങ്ങളെ കുഞ്ഞന്‍‌മാരാക്കാമെന്ന് കരുതി വേഗത്തില്‍ അതങ്ങ് സാധിച്ചുകളയാം എന്ന വ്യാമോഹമൊന്നും വേണ്ട! സാധാരണ ഗതിയില്‍ ഒരു മരം പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാന്‍ വേണ്ട സമയം വേണം ബോണ്‍സായിക്കും. വലിയമരങ്ങളെ മുരടിപ്പിച്ച് നീളം മാത്രം കുറച്ചത്കൊണ്ട് കാര്യമില്ല; തനതായ ആകൃതിയിലാക്കി വളര്‍ത്തിയെടുക്കുക എന്നതും പ്രധാന ജോലിയാണ്. വളര്‍ച്ചയുടെ ആദ്യ ഘട്ടം മുതല്‍ വേരുകള്‍ ശ്രദ്ധാപൂര്‍വ്വം വെട്ടിയൊതുക്കുകയും ശിഖരങ്ങള്‍ നിയന്ത്രിക്കുകയും വേണം. മാത്രവുമല്ല സാധാരണഗതിയില്‍ നല്‍കുന്ന വളവും കീടനിയന്ത്രണ ഉപാധികളും ബോണ്‍സായിക്കും ആവശ്യമാണ്.

ആവശ്യസാധനങ്ങള്‍

1. വിവിധ അളവുകളിലുള്ള ചെടിച്ചട്ടികള്‍
2. അനുയോജ്യമായ മണ്ണ്
3. വളവും കീടനിയന്ത്രണ ഉപാധികളും
4. മരം വെട്ടുന്നതിനും പരിപാലിക്കുന്നതിനുമുള്ള ആയുധങ്ങള്‍(കട്ടറുകള്‍, പ്ലയറുകള്‍, വയര്‍ റിമൂവല്‍)
5. ചെമ്പ് കമ്പി
6. തികഞ്ഞ ക്ഷമ (ഇതില്ലാത്തവര്‍ സ്ഥിരമായി ടിവി സീരിയലുകള്‍ കാണുക, ക്ഷമ താനെ കൈവരും)
7. തികഞ്ഞ കലാബോധം (വളര്‍ത്താനുദ്ദേശിക്കുന്ന മരങ്ങളുടെ യഥാര്‍ത്ഥ രൂപത്തെ ശരിയാംവണ്ണം നോക്കിപഠിക്കുക)

ഇത്രയുമുണ്ടെങ്കില്‍ ആരംഭിക്കാം. ആദ്യം ഏതിനമാണ് ബോണ്‍സായി ആക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ആ ഇനത്തിന്റെ തൈയോ വിത്തോ സംഘടിപ്പിക്കുക. കൂട്ടത്തിലൊന്ന് പറഞ്ഞോട്ടെ തായ്ത്തടി വണ്ണം വെയ്ക്കുന്നതും, നാലുപാടും ശിഖരങ്ങള്‍ ഉള്ളതും, നിറയെ ഇലകള്‍ ഉള്ളതുമായ ഇനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. സാധാരണയായി അത്തിമരം, ദേവദാരു, അരയാല്‍, അരശ് എന്നിവയാണ് ഉപയോഗിക്കാറ്, മറ്റ് ഇനങ്ങളില്‍ പരീക്ഷണവും ആവാം. ഇനി ചെയ്യേണ്ടത് ഈ ഇനങ്ങളുടെ തൈ സംഘടിപ്പിക്കുകയാണ്. പാറക്കൂട്ടങ്ങള്‍ക്കിടയിലോ പാഴടഞ്ഞ വീടുകളുടെ കരിങ്കല്‍ ചുമരുകളിലോ വളര്‍ന്ന് നില്‍ക്കുന്ന തൈകള്‍ പ്രയോജനപ്പെടുത്താം. അല്ലെങ്കില്‍ വിത്തുകള്‍ പാകി മുളപ്പിച്ചും തൈകള്‍ തയ്യാറാക്കാം. ഇനി വേണ്ടത് പരന്നതും ആഴമുള്ളതുമായ ചെടിച്ചട്ടിയാണ്. ഈ ചട്ടിയില്‍ ഇടേണ്ട മണ്ണാണ് ഇനി വേണ്ടത്. അതിനായി കരിമണ്ണ്, കളിമണ്ണ്, മണല്‍ എന്നിവ ശേഖരിക്കുക. ഇവ 3:2:1 എന്ന അനുപാതത്തില്‍ കൂട്ടിക്കുഴച്ച് ചട്ടിയിലിട്ട് തൈ നടുക. കൂടെ ഒരു സ്പൂണ്‍ രാസവളവും ചേര്‍ക്കാം. മാസത്തില്‍ ഒരു തവണയെ രാസവളപ്രയോഗം നടത്താവൂ. ഈ ചട്ടി ഒരിക്കലും നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന ഭാഗത്ത് വയ്ക്കരുത്, മുറിയില്‍ വയ്ക്കാം. വളര്‍ച്ചക്ക് എന്തെങ്കിലും ക്രമക്കേടുകണ്ടാല്‍ മാത്രം പുറത്തെടുത്ത് അരമണിക്കൂര്‍ നേര്‍ത്ത വെയില്‍ കൊള്ളിക്കുക. ഇതിന് ചാണകം കലക്കിയ വെള്ളമോ കിണട്ട് വെള്ളമോ ഒഴിക്കുക. പൈപ്പ് വെള്ളമാണെങ്കില്‍ തലേന്ന് ശേഖരിച്ചത് ഒഴിക്കുക. ഇതൊക്കെ സാധാരണ ചെടികളെ സംരക്ഷിക്കുന്ന രീതിയില്‍ ചെയ്താല്‍ മതിയാകും, അങ്ങനെ ഒരു മാസം കഴിയട്ടെ......

പിന്നീട് മനസ് സ്വസ്ഥമായിരിക്കുമ്പോള്‍ ഒരു മാസം പ്രായമായ ചെടിയെ ചട്ടിയില്‍ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം പിഴുതെടുക്കുക. വലിച്ച് പിഴരുത്, മണ്ണ് സാവകാശം മാറ്റി വേരുകള്‍ കേടുപാടുകള്‍ കൂടാതെ പുറത്തെടുക്കണം. ഇതിനായി ചെടിച്ചട്ടി ചരിച്ച് പിടിച്ചിട്ട് ഒരു ഹോസിലൂടെ വെള്ളം ചീറ്റിച്ചാല്‍ മണ്ണിളകിപ്പോരും. ചെടിയെ പുറത്തെടുത്ത് തായ് വേര് പോയിട്ടുള്ള മറ്റ് വേരുകളുടെ അറ്റങ്ങളെ കട്ടറുപയോഗിച്ച് കൂര്‍പ്പിച്ച് മുറിച്ച് മാറ്റുക. അതായത് ലംബമായി മുറിക്കാതെ അല്പം ചരിച്ച് കോണാകൃതിയില്‍ മുറിക്കുക. വീണ്ടും ഇതിനെ നേരത്തെ പറഞ്ഞ മണല്‍ മിശ്രിതം തയ്യാറാക്കി ചെടിച്ചട്ടിയില്‍ നടുക, പരിചരണം തുടരുക. മാസങ്ങള്‍ കഴിയുമ്പോള്‍ തായ്ത്തടിക്കിത്തിരി വണ്ണവും, ശിഖരങ്ങളും, ഇലകളുമായിക്കഴിഞ്ഞിരിക്കും. ഇനിയാണ് ചെമ്പ് കമ്പി ഉപയോഗിച്ച് വയറിംഗ് നടത്തി ശിഖരങ്ങളെ നിയന്ത്രിക്കേണ്ടത്. ഏറ്റവും ക്ഷമയും കലാബോധവും ഇവിടെ സംന്വയിക്കണം. ശിഖരങ്ങള്‍ അധികം പൊങ്ങാതിരിക്കാന്‍ ചെറിയ ഭാരങ്ങള്‍ കെട്ടി തൂക്കുകയുമാവാം. ഒപ്പം ശിഖരങ്ങളുടെ നീളക്കൂടുതല്‍ മുറിച്ച് മാറ്റി ക്രമപ്പെടുത്തുക. വലിയ ഇലകളുണ്ടെങ്കില്‍ അവയുടെ വശങ്ങള്‍ വെട്ടിയൊതുക്കി ചെറുതാക്കുക. കാലക്രമേണ പൊക്കത്തിന് ആനുപാതികമായ വലിപ്പത്തിലുള്ള ഇലകള്‍ വന്നുകൊള്ളും. ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ പൊക്കത്തിലാണ് സാധാരണയായി ബോണ്‍സായികള്‍ വളര്‍ത്തുന്നത്. നിങ്ങളുടെ ഇഷ്ടാനുസരണമുള്ള പൊക്കം കിട്ടിക്കഴിഞ്ഞാല്‍ നേരത്തെ പറഞ്ഞ തരത്തില്‍ ഇളക്കി വേരുകള്‍ മുറിക്കുന്ന കൂട്ടത്തില്‍ തായ് വേരിന്റെ അറ്റവും കൂര്‍പ്പിച്ച് മുറിച്ചു വിടുക. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അനുയോജ്യമായ വലിപ്പത്തിലുള്ള ചെടിച്ചട്ടികള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ?
വര്‍ഷങ്ങളുടെ പരിചരണവും ക്ഷമയും കലാബോധവും ഒത്തു ചേര്‍ന്നാലെ തനതായ ഒരു ബോണ്‍സായി നിര്‍മ്മിക്കാന്‍ കഴിയൂ എന്ന് മറക്കാതിരിക്കുക.....
എങ്കില്‍ ഇനി തുടങ്ങൂ നിങ്ങളുടെ സ്വന്തം ബോണ്‍സായി നിര്‍മ്മാണം.....All the best

ചെമ്പ് കമ്പികൊണ്ട് വയറിംഗ് ചെയ്ത ഒരു ബോണ്‍സായി

Friday, July 18, 2008

ബോണ്‍സായി

വന്‍‌വൃക്ഷങ്ങളുടെ വളര്‍ച്ചയെ ശാസ്ത്രീയ രീതിയില്‍ മുരടിപ്പിച്ച് ചെടിച്ചട്ടികളില്‍ വളര്‍ത്തുന്ന കലയാണ് ബോണ്‍സായി. എ ഡി 200ല്‍ ചൈനയിലെ പെന്‍‌ജിങ്ങിലാണ് ഇതിന്റെ ഉത്ഭവമെങ്കിലും ജപ്പാന്‍‌കാരാണ് ഇതിനെ ജനകീയമാക്കിയത്. വളരെയേറെ ശ്രദ്ധയോടെ കഠിനപ്രയത്നം കൊണ്ടേ നല്ലൊരു ബോണ്‍സായി വളര്‍ത്തിയെടുക്കാന്‍ കഴിയൂ. വീടുകളുടെയും മറ്റും മുറികള്‍ക്കകത്ത് അലങ്കാരവസ്തുവായി സൂക്ഷിക്കാന്‍ ബോണ്‍സായികള്‍ പലരും തിരഞ്ഞെടുക്കാറുണ്ട്. ശരിയായ വലിപ്പത്തിലും ആകൃതിയിലും വളര്‍ത്തിയെടുത്ത ബോണ്‍സായികള്‍ക്ക് ലക്ഷങ്ങള്‍ വിലയുണ്ട്. ഇത്തരത്തില്‍ ചിട്ടയായി വളര്‍ത്തിയെടുത്ത മരകുഞ്ഞന്‍‌മാരുടെ ചിത്രങ്ങള്‍ കാണൂ....
















ചിത്രങ്ങള്‍ക്ക് കടപ്പാട്:ഗൂഗിള്‍

Friday, May 30, 2008

സുനാമി ഒരു ഓര്‍മ്മ പുതുക്കല്‍....













കടലിനെയും കടലോരങ്ങളെയും സ്നേഹിച്ചവര്‍ക്ക് ഇന്നും മറക്കാന്‍ കഴിയാത്ത ഒരു നൊമ്പരമാണ് 2005 ഡിസംബറിലെ സുനാമി സമ്മാനിച്ചത്. ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത സുനാമിയുടെ ദൃശ്യങ്ങള്‍ കാണൂ..
ഈ ഫോട്ടോകള്‍ ഒന്നും തന്നെ ഞാനെടുത്തതല്ല: എല്ലാം ഗൂഗിളില്‍ നിന്നും അടിച്ച് മാറ്റിയതാണ്...


സുനാമി തിരകളുടെ തുടക്കം

ചിത്രങ്ങള്‍ക്ക് കടപ്പാട്- ഗൂഗിള്‍